Gossips
ഊട്ടിയില്‍ പഠിക്കാന്‍ പോയി സിനിമാ നടനായ ചോക്ലേറ്റ് പയ്യന്‍; ഈ താരത്തെ മനസ്സിലായോ?
ഈ ചിത്രത്തില്‍ കാണുന്നത് ഒരുകാലത്ത് മലയാള സിനിമയില്‍ ചോക്ലേറ്റ് പയ്യനായി വിലസിയ താരത്തെയാണ് ! ആളെ മനസ്സിലായോ? ഒറ്റനോട്ടത്തില്‍ ഈ കുട്ടി ആരാണെന്ന് മനസിലാക്കാന്‍ കഴിയില്ല. എന്നാല്‍ ഈ താരത്തിന്റെ സിനിമ എന്‍ട്രിയുടെ കഥ കേട്ടാല്‍ ആളെ പെട്ടന്ന് ഓര്‍മ വരും.
ഊട്ടിയില്‍ പഠിക്കാന്‍ പോയ സമയത്ത് അപ്രതീക്ഷിതമായി സിനിമയിലേക്ക് ക്ഷണം ലഭിച്ച നടന്‍ റഹ്മാന്‍ ആണ് ഇത്. 1967 മേയ് 23-ാം തിയതി കെ.എം.എ. റഹ്മാന്‍-സാവിത്രി നായര്‍ ദമ്പതികളുടെ മകനായി അബുദാബിയില്‍ ജനിച്ച റഷീന്‍ എന്ന ചെറുപ്പക്കാരന്‍. റഷീന്‍ ആണ് പിന്നീട് മലയാളത്തില്‍ ഏറെ സ്ത്രീ ആരാധകരുള്ള റഹ്മാന്‍ ആയി മാറിയത്.
പത്താം ക്ലാസ് പഠനത്തിന് ശേഷമാണ് റഷീന്‍ ഉപരിപഠനത്തിനായി അബുദാബിയില്‍ നിന്ന് ഊട്ടിയിലേക്ക് എത്തുന്നത്. അന്ന് 16 വയസ്സ് മാത്രമായിരുന്നു റഷീന്റെ പ്രായം. ഊട്ടിയില്‍ റഷീന്‍ പഠിക്കുന്ന സ്‌കൂളിലാണ് അക്കാലത്ത് പത്മരാജന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ചിത്രീകരണം നടക്കാന്‍ പോകുന്നത്.
പത്മരാജന്‍ ചിത്രത്തിലേക്ക് നായകനായി ഒരു പുതുമുഖത്തെ വേണം. പലരേയും പരീക്ഷിച്ചെങ്കിലും സംവിധായകനും നിര്‍മാതാവിനും തൃപ്തി വന്നില്ല. അപ്പോഴാണ് സിനിമയുടെ നിര്‍മാതാവ് ഊട്ടിയിലെ ആ സ്‌കൂളില്‍ പഠിക്കുന്ന റഷീനെ കാണുന്നത്. തങ്ങളുടെ സിനിമയ്ക്ക് ചേരുന്ന രൂപമാണ് റഷീന്റേതെന്ന് മനസ്സിലാക്കിയ നിര്‍മാതാവ് ഇക്കാര്യം സംവിധായകനെ അറിയിച്ചു. റഷീനെ കണ്ടതും സംവിധായകനും ഓക്കെ പറഞ്ഞു. പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അങ്ങനെ റഷീന്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് മലയാളികളുടെ സ്വന്തം റഹ്മാന്‍ ആയി. മമ്മൂട്ടി, സുഹാസിനി തുടങ്ങിയവരും ഈ ചിത്രത്തില്‍ റഹ്മാനൊപ്പം അഭിനയിച്ചിട്ടുണ്ട്. കൂടെവിടെ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ആ വര്‍ഷം റഹ്മാന്‍ നേടി.
കൂടെവിടെ ശ്രദ്ധിക്കപ്പെട്ടതോടെ റഹ്മാന്‍ എന്ന നടനും മലയാളത്തില്‍ പോപ്പുലറായി. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും റഹ്മാന്‍ അഭിനയിച്ചു. റഹ്മാന്‍-ശോഭന താരജോഡി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് സിനിമയില്‍ വലിയൊരു ഇടവേള വന്നു. അതിനുശേഷം വീണ്ടും മമ്മൂട്ടിക്കൊപ്പം രാജമാണിക്യത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് മടങ്ങിയെത്തി. ഇന്നും റഹ്മാന് ഏറെ ആരാധകരുണ്ട്.