Reviews
തുടക്കത്തില്‍ അല്‍പ്പം ഇഴഞ്ഞു, പിന്നീട് ത്രില്ലടിപ്പിച്ചു; ട്വല്‍ത്ത് മാന്‍ റിവ്യു
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ മികച്ച പ്രതികരണങ്ങളോടെ മുന്നോട്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. ദൃശ്യം 2 വിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ചപ്പോള്‍ മറ്റൊരു മികച്ച ത്രില്ലറാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.
11 പേര്‍ ഒരു ഗെറ്റ് ടുഗെദറിന് ഇടുക്കി കുളമാവിലുള്ള ഒരു ബംഗ്ലാവില്‍ ഒത്തുചേരുന്നിടത്താണ് സിനിമയുടെ തുടക്കം. ഈ 11 പേര്‍ക്ക് ഇടയിലേക്ക് അപ്രതീക്ഷിത അതിഥിയായി ചന്ദ്രശേഖര്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം എത്തുന്നു. അവിടെയുണ്ടാകുന്ന ഒരു ക്രൈമും അതിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങളുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.
തുടക്കത്തില്‍ സിനിമ വളരെ സ്ലോ പേസിലാണ് നീങ്ങുന്നത്. ആദ്യ പകുതിയില്‍ വലിയൊരു ഭാഗവും ഇഴഞ്ഞാണ് നീങ്ങുന്നതെങ്കിലും സിനിമയില്‍ ക്രൈം സംഭവിക്കുന്നിടത്ത് തൊട്ട് കഥ കൂടുതല്‍ ഉദ്വേഗം ജനിപ്പിക്കുന്നു. ഒരൊറ്റ മുറിക്കുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങളെ പ്രേക്ഷകരെ മുഷിപ്പിക്കാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ജീത്തു ജോസഫിന് സാധിച്ചിട്ടുണ്ട്. ത്രില്ലര്‍ ഴോണറുകളില്‍ ജീത്തു ജോസഫിനുള്ള കയ്യടക്കവും മികവും ഏറെ പ്രശംസനീയമാണ്.
ആദ്യ പകുതിയില്‍ അത്രയൊന്നും സ്പേസ് മോഹന്‍ലാല്‍ കഥാപാത്രത്തിന് ഇല്ലെങ്കിലും രണ്ടാം പകുതി പൂര്‍ണ്ണമായി മോഹന്‍ലാല്‍ ഷോ ആയി മാറുന്നുണ്ട്. ഈയടുത്ത കാലത്ത് മോഹന്‍ലാലില്‍ നിന്ന് ലഭിച്ച മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നാണ് 12th Man ചിത്രത്തിലെ ചന്ദ്രശേഖര്‍. ദൃശ്യം 2 ന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രകടനങ്ങളില്‍ എടുത്തുപറയേണ്ടതാണ് ഇത്. മദ്യപാനിയും രസികനുമായ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ നല്ല കയ്യടക്കത്തോടെ തന്നെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലേക്ക് സിനിമ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്.