Gossips
അനിയത്തിപ്രാവില്‍ അഭിനയിക്കാന്‍ ചാക്കോച്ചന് വലിയ താല്‍പര്യമില്ലായിരുന്നു ! പിന്നീട് സംഭവിച്ചത് ഇങ്ങനെ
കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയാണ് 1997 മാര്‍ച്ച് 26 ന് റിലീസ് ചെയ്ത അനിയത്തിപ്രാവ്. ചോക്ലേറ്റ് ഹീറോ പരിവേഷത്തോടെ ചാക്കോച്ചന്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിട്ടു. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് അക്കാലത്ത് വമ്പന്‍ ഹിറ്റായിരുന്നു. ശാലിനിയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്.
അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലാതെയാണ് കുഞ്ചാക്കോ ബോബന്‍ അനിയത്തിപ്രാവിലേക്ക് എത്തിയതെന്ന് ഫാസില്‍ പറയുന്നു.
അനിയത്തിപ്രാവിന്റെ കഥയെഴുതി കഴിഞ്ഞപ്പോള്‍ ഒരു പുതിയ പയ്യന്‍ വേണമല്ലോ എന്ന് പലരോടും അന്വേഷിക്കുന്നത് എന്റെ ഭാര്യ കേള്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുതിയ വീടുവച്ച് താമസം തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ഫോട്ടോകളുടെ ആല്‍ബം നോക്കുകയായിരുന്ന ഭാര്യ റോസീന. ബോബന്‍ കുഞ്ചാക്കോയും മോളിയും കൂടി പാലുകാച്ചലിന് വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന കുഞ്ചാക്കോയെ കാണിച്ചു തന്നു. എന്നിട്ട് ചാക്കോച്ചന്‍ പോരേ നായകനായി എന്ന് ചോദിച്ചു. ചാക്കോച്ചന്റെ മാതാപിതാക്കളെ വിളിച്ച് ചോദിച്ചപ്പോള്‍ അവരും സമ്മതിച്ചു. ചാക്കോച്ചന്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് വന്നത്. ചാക്കോച്ചന്‍ അന്ന് ബികോം അവസാന വര്‍ഷമോ മറ്റോ പഠിക്കുകയായിരുന്നു. ഏതെങ്കിലും വിധത്തില്‍ അവന്റെ ഭാവി പോകുമോ എന്നൊരു വിഷമം തനിക്കും ഉണ്ടായിരുന്നെന്നും ഫാസില്‍ പറയുന്നു.
അനിയത്തിപ്രാവ് റിലീസ് ചെയ്ത ദിവസം ആദ്യ ഷോയ്ക്ക് തിയറ്ററുകളില്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. പല തിയറ്ററുകളിലും പകുതിയിലേറെ സീറ്റുകളും കാലിയായിരുന്നു. എന്നാല്‍ ആദ്യദിനം കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ അനിയത്തിപ്രാവ് വമ്പന്‍ ഹിറ്റായി മാറി.