
latest news
സംസാരിക്കാന്‍ പോലും കഴിയാതെ മമ്മൂട്ടി; നഷ്ടപ്പെട്ടത് ജീവിതത്തില്‍ വളരെ പ്രിയപ്പെട്ട ഒരാളെ !
കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ വിതുമ്പി മമ്മൂട്ടി. തൃപ്പൂണിത്തുറയിലെ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലെത്തി കെ.പി.എ.സി. ലളിതയ്ക്ക് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. ലളിതയുടെ മൃതദേഹത്തിനു നാല് ചുറ്റും നടന്ന് നിശബ്ദമായി നോക്കി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഹൃദയഭേദകമായിരുന്നു. ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതനെ മമ്മൂട്ടി ആശ്വസിപ്പിച്ചു. വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചു.
ലളിതയുടെ മരണത്തില്‍ ഹൃദയഭേദകമായ കുറിപ്പാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. ‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം’ മമ്മൂട്ടി കുറിച്ചു.

KPAC Lalitha
ഇന്നലെ രാത്രി 10.45 നാണ് ലളിത അന്തരിച്ചത്. രോഗബാധിതയായി ചികിത്സയിലായിരുന്നു. 75 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 550 ലേറെ സിനിമകളില്‍ അഭിനയിച്ചു. കെപിഎസി നാടകങ്ങളിലൂടെയാണ് ലളിത അഭിനയ രംഗത്തേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി നൂറു കണക്കിനു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കെ.എസ്.സേതുമാധവന്റെ കൂട്ടുകുടുംബം ആണ് ലളിതയുടെ ആദ്യ സിനിമ.
