Videos
ആറാട്ട് എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന സിനിമയെന്ന് മോഹന്‍ലാല്‍
ആറാട്ട് സിനിമയെ കുറിച്ച് പ്രേക്ഷകരോട് സംസാരിച്ച് മോഹന്‍ലാല്‍. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാണ് ആറാട്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷവും താരം പ്രകടിപ്പിച്ചു.
ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള് ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദിയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
എ.ആര്.റഹ്മാനോട് വളരെയധികം നന്ദി രേഖപ്പെടുത്തുന്നതായി മോഹന്‍ലാല്‍ പറഞ്ഞു. ബി.ഉണ്ണികൃഷ്ണന് ചെയ്ത വളരെ വ്യത്യസ്തമായ ഒരു എന്റര്ടെയ്നര് ആണിത്. കോവിഡ് ഏറ്റവും മൂര്ധന്യാവസ്ഥയില് നില്ക്കുന്ന സമയത്താണ് തങ്ങള്‍ ഇത് ഷൂട്ട് ചെയ്തു തീര്‍ത്തതെന്നും മോഹന്‍ലാല്‍ ഓര്‍ക്കുന്നു.
ആറാട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നലെ മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. 2700 സ്ക്രീനുകളിലാണ് പ്രദര്‍ശനം. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്. നെയ്യാറ്റിന്‍കര ഗോപന് എന്ന മാസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ആറാട്ടില്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് ആറാട്ട്.