latest news
രണ്ടായിരത്തിനു ശേഷം ഇറങ്ങിയ സിനിമകളില്‍ മമ്മൂട്ടിയുടെ അണ്ടര്‍റേറ്റഡ് കഥാപാത്രങ്ങള്‍ ഏതെല്ലാം?
വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള നടനാണ് മമ്മൂട്ടി. കരിയര്‍ തുടങ്ങിയ കാലം മുതല്‍ മമ്മൂട്ടി തന്റെ കഥാപാത്ര തിരഞ്ഞെടുപ്പില്‍ സൂക്ഷ്മത പുലര്‍ത്താറുണ്ട്. അതില്‍ പല കഥാപാത്രങ്ങളും വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. എന്നാല്‍, ചില കഥാപാത്രങ്ങള്‍ മികച്ചവയാണെങ്കിലും അവ വേണ്ടവിധം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടില്ല. രണ്ടായിരത്തിന് ശേഷം പുറത്തിറങ്ങിയ സിനിമകളില്‍ അങ്ങനെയുള്ള മമ്മൂട്ടിയുടെ അഞ്ച് അണ്ടര്‍റേറ്റഡ് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. കരിക്കാമുറി ഷണ്‍മുഖം (ബ്ലാക്ക്)
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാക്ക്. കരിക്കാമുറി ഷണ്‍മുഖന്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. മാസും ക്ലാസും ചേര്‍ന്ന കരിക്കാമുറി ഷണ്‍മുഖനെ മമ്മൂട്ടി അവിസ്മരണീയമാക്കി. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയാണ് സിനിമയില്‍ പ്രധാന ആകര്‍ഷണം. മമ്മൂട്ടി-റഹ്മാന്‍, മമ്മൂട്ടി-ലാല്‍ കോംബിനേഷന്‍ സീനുകള്‍ പില്‍ക്കാലത്ത് വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു.
2. ബാലചന്ദ്രന്‍ (കയ്യൊപ്പ്)
രഞ്ജിത്ത് സംവിധാനം ചെയ്ത് 2007 ല്‍ പുറത്തിറങ്ങിയ സിനിമയാണ് കയ്യൊപ്പ്. എഴുത്തുകാരനായ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി. ബാലചന്ദ്രന്‍ എന്ന നിഷ്‌കളങ്ക മനുഷ്യന്റെ മനസ്സിനെ പ്രേക്ഷകരിലേക്ക് അണുവിട വ്യത്യാസമില്ലാതെ സന്നിവേശിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. ഈ സിനിമയ്ക്ക് മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
3. മൈക്ക് ഫിലിപ്പോസ് (ലൗഡ്‌സ്പീക്കര്‍)
നഗരഹൃദയത്തിലേക്ക് സാഹചര്യവശാല്‍ പറിച്ചുനടപ്പെട്ട തനി നാട്ടിന്‍പുറത്തുകാരനായ മൈക്ക് എന്ന ഫിലിപ്പോസിന്റെ കഥ പറഞ്ഞ സിനിമ. ജയരാജ് സംവിധാനം ചെയ്ത ലൗഡ്‌സ്പീക്കര്‍ 2009 ലാണ് റിലീസ് ചെയ്തത്. തോപ്രാംകുടിക്കാരന്‍ മൈക്ക് ഫിലിപ്പോസായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ അധികം കണ്ടുപരിചയമില്ലാത്ത കഥാപാത്രമായിരുന്നു ഇത്.
4. സി.കെ.രാഘവന്‍ (മുന്നറിയിപ്പ്)
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തിയ സിനിമ. മമ്മൂട്ടിയാണ് വില്ലനെന്ന് പ്രേക്ഷകര്‍ അറിയുന്നത് ക്ലൈമാക്‌സിലാണ്. സി.കെ.രാഘവന്‍ എന്ന നിഗൂഢത നിറഞ്ഞ മനുഷ്യനെ മമ്മൂട്ടി ഗംഭീരമാക്കി. ഉണ്ണി ആര്‍. തിരക്കഥയും വേണു സംവിധാനവും നിര്‍വഹിച്ച മുന്നറിയിപ്പ് 2014 ലാണ് റിലീസ് ചെയ്തത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് അവസാന ഘട്ടം വരെ മമ്മൂട്ടിയുടെ സി.കെ.രാഘവന്‍ മത്സരിച്ചിരുന്നു. എന്നാല്‍, ജയില്‍പ്പുള്ളിക്ക് ഇത്ര സൗന്ദര്യം ആവശ്യമില്ലായിരുന്നു എന്ന വിചിത്ര വാദമാണ് മമ്മൂട്ടിയെ തള്ളി കൊണ്ട് അന്നത്തെ ജൂറി ഉന്നയിച്ചത്. ഇത് പിന്നീട് വലിയ വിവാദമായി.
5. ഡാനി (ഡാനി)
ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനിയില്‍ വിവിധ കാലഘട്ടങ്ങളിലുള്ള ഡാനി എന്ന വ്യക്തിയെ മമ്മൂട്ടി അവതരിപ്പിച്ച രീതി പ്രേക്ഷകനെ ഞെട്ടിക്കുന്നതായിരുന്നു. രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ആദ്യ പത്തില്‍ തീര്‍ച്ചയായും ഡാനി ഉണ്ടാകും. 2001 ലാണ് ഡാനി റിലീസ് ചെയ്തത്.