
latest news
ഭര്‍ത്താവ് കൂടെയില്ല, മുസ്ലിം ആണ്, സിനിമയും പ്രശ്‌നം; കൊച്ചിയില്‍ താമസിക്കാന്‍ ഫ്‌ളാറ്റ് കിട്ടുന്നില്ലെന്ന് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക
കൊച്ചിയില്‍ താമസിക്കാനായി ഒരു ഫ്‌ളാറ്റ് കിട്ടുന്നില്ലെന്ന് മമ്മൂട്ടി ചിത്രം ‘പുഴു’വിന്റെ സംവിധായിക രതീന പി.ടി. മുസ്ലിം സ്ത്രീ ആണെന്നതും ഭര്‍ത്താവ് കൂടെയില്ലാത്തതുമൊക്കെയാണ് ഫ്‌ളാറ്റ് തരാനുള്ള തടസമായി പലരും ചൂണ്ടിക്കാട്ടുന്നതെന്ന് രതീന പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രതീന ഇക്കാര്യം പങ്കുവച്ചത്.
രതീനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
‘റത്തീന ന്ന് പറയുമ്പോ??’
‘പറയുമ്പോ? ‘
മുസ്ലിം അല്ലല്ലോ ല്ലേ?? ‘
‘യെസ് ആണ്…’
‘ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’
കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി
സിനിമായോ, നോ നെവര്‍
അപ്പോപിന്നെ മേല്‍ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
‘ബാ.. പോവാം ….’
—
Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…

Mammootty and ratheena
മമ്മൂട്ടി, പാര്‍വതി എന്നിവരാണ് രതീനയുടെ ആദ്യ ചിത്രമായ ‘പുഴു’വില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് നേരത്തെ പുരോഗമിച്ചതാണ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഉടന്‍ റിലീസ് ചെയ്യും.
