വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഹൃദയം’ മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നോട്ട്. ആദ്യ ദിനം തന്നെ എല്ലാവിധ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് സിനിമ നേടിയത്. വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമയാണ് ഹൃദയമെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
ക്യാംപസ് പശ്ചാത്തലത്തില്‍ റൊമാന്‍സും വിരഹവും സൗഹൃദവും കൃത്യമായി പ്ലേസ് ചെയ്ത സംവിധായകന്‍ വിനീതിന് തന്നെയാണ് നൂറില്‍ നൂറ് മാര്‍ക്ക്. നിയതമായ ഒരു സ്റ്റാര്‍ട്ട് ടൂ എന്‍ഡ് ലെവല്‍ സ്റ്റോറി ബിള്‍ഡ് ചെയ്യാതെ ഒരാളുടെ കോളേജ് തലം മുതലുള്ള ലൈഫ് ബേസ് ചെയ്ത് പല ഇന്‍സിഡന്റുകളിലൂടെ മനോഹരമായി ആരംഭിച്ച് മനോഹരമായി അവസാനിക്കുന്ന ഒരു ഗംഭീര ലൈഫ് ആണ് ഹൃദയം.
സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രണവ് മോഹന്‍ലാലിന്റെ പ്രകടനമാണ്. ഒരു നടന്‍ എന്ന നിലയില്‍ പ്രണവ് തന്റെ കരിയറില്‍ ചെയ്ത ഏറ്റവും മികച്ച വേഷമെന്ന് വരുംദിവസങ്ങളില്‍ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തും. ചിരി കൊണ്ടും പ്രസരിപ്പുകൊണ്ടും സ്‌ക്രീന്‍ സ്‌പേസ് മുഴുവന്‍ സ്വന്തമാക്കാന്‍ പ്രണവിന് സാധിക്കുന്നു. ദര്‍ശന, കല്ല്യാണി തുടങ്ങിയ താരങ്ങളുടെ പ്രകടനവും മികച്ചതാണ്.
പാട്ടുകള്‍ക്ക് മര്‍മ പ്രധാനമായ റോളാണ് സിനിമയിലുള്ളത്. ഒരു പാട്ട് പോലും അസ്ഥാനത്താണെന്ന് പ്രേക്ഷകന് തോന്നാത്ത രീതിയില്‍ സിനിമയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതമാണ് സിനിമയുടെ ലൈഫ്.
കോവിഡ് മഹാമാരിക്കിടയിലും തിയറ്ററുകളില്‍ പ്രേക്ഷകരെ നിറയ്ക്കാന്‍ വേണ്ട എല്ലാ ചേരുവകളും ഹൃദയത്തില്‍ ഉണ്ട്. മികച്ച തിയറ്റര്‍ അനുഭവത്തിനായി ധൈര്യമായി ടിക്കറ്റെടുക്കാം.