Gossips
ദേവാസുരം ഞാന്‍ ചെയ്യേണ്ട സിനിമ, നായകന്‍ മമ്മൂട്ടി; ഒരു പ്രമുഖ സംവിധായകന്റെ തുറന്നുപറച്ചില്‍ ഇങ്ങനെ
സിനിമയില്‍ വന്ന കാലം മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും മലയാളികളുടെ സിനിമ ആസ്വാദനത്തിന്റെ രണ്ട് വേറിട്ട വശങ്ങളാണ്. മമ്മൂട്ടിക്കായി വന്ന കഥാപാത്രങ്ങള്‍ മോഹന്‍ലാലും മോഹന്‍ലാലിനായി വന്ന കഥാപാത്രങ്ങള്‍ മമ്മൂട്ടിയും ചെയ്യേണ്ടിവന്ന ഒട്ടേറെ അവസരങ്ങളുണ്ട്. അതില്‍ കൂടുതലും മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം മോഹന്‍ലാല്‍ ചെയ്ത് സിനിമ സൂപ്പര്‍ഹിറ്റാക്കിയ ചരിത്രമാണ്.
രാജാവിന്റെ മകന്‍, ദേവാസുരം, ദൃശ്യം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് മമ്മൂട്ടിയെയാണ്. പിന്നീടാണ് അത് മോഹന്‍ലാല്‍ ചെയ്തത്. രഞ്ജിത്ത് തിരക്കഥ രചിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. ദേവാസുരവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഹരിദാസ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ദേവാസുരം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും മമ്മൂട്ടിയെ കാണാന്‍ രഞ്ജിത്തിനൊപ്പം മദ്രാസില്‍ പോയിരുന്നുവെന്നും പറയുകയാണ് സംവിധായകന്‍ ഹരിദാസ്. മാസറ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരിദാസ് ദേവാസുരത്തെ പറ്റി പറഞ്ഞത്.
‘ദേവാസുരം ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. മമ്മൂട്ടിയായിരുന്നു നായകന്‍, മോഹന്‍ലാല്‍ അല്ല. മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു. ദേവാസുരം പിന്നീട് മുരളിയെ വെച്ച് ആലോചിച്ചു അതും നടന്നില്ല. ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പിന്നീടാക്കാം എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങള്‍ പിന്നീട് ഒന്നിച്ച് സിനിമ ചെയ്‌തെങ്കിലും അത് ഞാന്‍ ചോദിക്കാന്‍ പോയില്ല. പിന്നീട് രഞ്ജിത്ത് വിളിച്ചു മോഹന്‍ലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഞാനപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു ദേവാസുരം ഐവി ശശി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഷൂട്ടിങ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ സിനിമ ചെയ്യേണ്ടിയിരുന്നതെന്ന് പറയാനൊന്നും പോയില്ല,’ ഹരിദാസ് പറഞ്ഞു.