Gossips
വലിയ സംവിധായകരുടെ വിളി വന്നു, ദുല്‍ഖര്‍ ‘നോ’ പറഞ്ഞു; മമ്മൂട്ടിയുടെ മകനെന്ന നിലയില്‍ കിട്ടുന്ന റോളുകള്‍ വേണ്ട എന്ന് തീരുമാനം, താരപുത്രനെ സ്വാധീനിച്ചത് ഉമ്മച്ചിയുടെ വാക്കുകള്‍
മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിന് പുറത്തുകടന്ന് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തുടക്കംമുതല്‍ പ്രയത്‌നിച്ചിരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിനു ഏറ്റവും വലിയ കാരണവും മമ്മൂട്ടി തന്നെയാണ്. താന്‍ വഴിയാണ് മകന് സിനിമയില്‍ അവസരം കിട്ടിയതെന്ന് ആരും പറയരുതെന്ന് മമ്മൂട്ടിക്കും നിര്‍ബന്ധമുണ്ടായിരുന്നു. സ്വന്തം പ്രയത്‌നം കൊണ്ട് മകന്‍ സിനിമയില്‍ ശോഭിക്കുകയാണെങ്കില്‍ ശോഭിക്കട്ടെ എന്ന നിലപാടായിരുന്നു മമ്മൂട്ടിക്ക്. ഒടുവില്‍ വാപ്പച്ചിയുടെ ആഗ്രഹം പോലെ ദുല്‍ഖര്‍ മലയാള സിനിമയില്‍ വളര്‍ന്നുവന്നു.
മമ്മൂട്ടിയുടെ മകന്‍ ആയതുകൊണ്ട് പല പ്രശസ്ത സംവിധായകരും ദുല്‍ഖറിനെ തേടി വന്നിരുന്നു. സിനിമയില്‍ നായകനാക്കാമെന്ന് ഓഫര്‍ ചെയ്തതുമാണ്. എന്നാല്‍, അവരോടെല്ലാം ദുല്‍ഖര്‍ തന്നെയാണ് നോ പറഞ്ഞത്. പുതുമുഖ സംവിധായകനൊപ്പം ആയിരിക്കണം സിനിമാ അരങ്ങേറ്റമെന്ന് ദുല്‍ഖര്‍ വിചാരിച്ചിരുന്നു.
സിനിമയില്‍ അരങ്ങേറാന്‍ ആഗ്രഹിച്ചിരുന്ന സമയത്ത് ദുല്‍ഖറിന് ഉമ്മച്ചി സുല്‍ഫത്ത് നല്‍കിയ ഉപദേശവും ശ്രദ്ധേയമാണ്. ഈ ഉപദേശം ദുല്‍ഖറിനെ വല്ലാതെ സ്വാധീനിച്ചു. ‘വാപ്പച്ചിയെ പോലെ സിനിമയില്‍ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്,’ എന്നാണ് സുല്‍ഫത്ത് മകന് നല്‍കിയ ഉപദേശം. വാപ്പച്ചിയുടെ തണലില്‍ സിനിമയില്‍ ശോഭിക്കാമെന്ന പ്രതീക്ഷ വേണ്ട എന്നായിരുന്നു ആ വാക്കുകളുടെ അര്‍ത്ഥം. ഉമ്മയുടെ വാക്കുകള്‍ ദുല്‍ഖറിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. സിനിമ ലോകത്തേക്ക് പോകുകയാണെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും വാപ്പച്ചിയുടെ സഹായം കൊണ്ട് മുന്നേറ്റമുണ്ടാക്കരുതെന്നും ദുല്‍ഖര്‍ മനസില്‍ ഉറപ്പിച്ചു.
വാപ്പച്ചിയുടെ സഹായം ഇല്ലാതെ തനിക്ക് സിനിമയില്‍ ശോഭിക്കാന്‍ കഴിയുമോ എന്ന് നോക്കാന്‍ ദുല്‍ഖര്‍ തീരുമാനിച്ചു. അങ്ങനെയാണ് മമ്മൂട്ടിയുടെ മകനായി മുതിര്‍ന്ന സംവിധായകര്‍ വച്ചുനീട്ടിയ ഓഫറുകളെല്ലാം ദുല്‍ഖര്‍ നിരസിച്ചത്. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ തീരുമാനിക്കുന്നതും ഉമ്മച്ചിയുടെ വാക്കുകള്‍ കേട്ടാണ്.