Gossips
‘ഞാന്‍ മരിച്ചാല്‍ മമ്മൂട്ടി വരും’ മാള അരവിന്ദന് ഇടയ്ക്കിടെ പറയുമായിരുന്നു; ഒടുവില്‍ മാളയെ അവസാനമായി കാണാന്‍ മെഗാസ്റ്റാര്‍ ദുബായില്‍ നിന്ന് എത്തി
പുറമേ കാര്‍ക്കശ്യക്കാരന്‍ ആണെങ്കിലും എല്ലാവരോടും അനുകമ്പയും സ്നേഹവും ഉള്ള നടനാണ് മമ്മൂട്ടിയെന്നാണ് സിനിമ ലോകത്തെ പലരും പരസ്യമായി അഭിപ്രായപ്പെട്ടിട്ടുള്ളത്. തങ്ങളുടെ ജീവിതത്തില്‍ മമ്മൂട്ടി നടത്തിയ ഇടപെടലുകളും പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മാള അരവിന്ദനോട് മമ്മൂട്ടിക്കുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാള അരവിന്ദന്റെ മകന് കിഷോര്‍.
മമ്മൂട്ടിയും മാള അരവിന്ദനും തമ്മില്‍ വളരെ അടുത്ത ആത്മബന്ധമുണ്ടായിരുന്നെന്ന് കിഷോര്‍ പറയുന്നു. അച്ഛന് നല്ല ഭക്ഷണ പ്രിയനായിരുന്നു. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് അച്ഛനെ ഞാന്‍ ഓര്‍മ്മപ്പെടുത്താറുണ്ട്. ആഹാരം നിയന്ത്രിക്കണമെന്ന് പറഞ്ഞാലും കേള്‍ക്കാറില്ല. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ തന്റെ അച്ഛന് ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണമെന്ന് പറഞ്ഞിരുന്നതെന്നും കിഷോര്‍ ഓര്‍ക്കുന്നു.
ആഹാരം നിയന്ത്രിക്കണം എന്ന് പറയുമ്പോള്‍ ഒരു ബന്ധവുമില്ലാത്ത മറുപടിയാണ് അച്ഛന് തന്നിരുന്നത്. ഞാന്‍ മരിച്ചാല്‍ മമ്മൂട്ടി വരുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അച്ഛന് ഇടയ്ക്കിടെ പറയും. ഈ മറുപടി കേട്ട് ഞാന്‍ അന്ധാളിച്ച് പോയിട്ടുണ്ട്. പിന്നീടാണ് അവരുടെ സൗഹൃദത്തിന്റെ ആഴം മനസിലായത്. അച്ഛന് മരിക്കുമ്പോള്‍ മമ്മൂട്ടി ദുബായില്‍ ആയിരുന്നു. അച്ഛനെ അവസാനമായി കാണാന്‍ മമ്മൂട്ടി ദുബായില്‍ നിന്ന് വന്നു. അച്ഛന് കൊടുത്ത വാക്ക് പാലിച്ചു.
പറഞ്ഞ സമയത്തിന് മുമ്പുതന്നെ മമ്മൂട്ടി എത്തിയിരുന്നു. സംസ്കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്. അവരുടെ ആത്മബന്ധത്തെക്കുറിച്ച് അന്നാണ് തനിക്ക് മനസ്സിലായതെന്നും കിഷോര്‍ പറയുന്നു. മാള അരവിന്ദന് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള ഒരംഗീകാരവും ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്കാര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത് കിഷോര്‍ ഓര്‍ക്കുന്നു.