Gossips
ആ ‘മോഹന്‍ലാല്‍ ചിത്രം’ തിയേറ്ററില്‍ കണ്ട ഒരാള്‍ ചിരിച്ചുചിരിച്ച് മരിച്ചു !
ചിരി ഇഷ്‌ടപ്പെടുന്നവര്‍ക്ക് ഏറെ ഇഷ്‌ടപ്പെട്ട മലയാള ചിത്രമാണ് കാക്കക്കുയില്‍. പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ – മുകേഷ് ടീം ഒരുക്കിയ ഈ സിനിമ ഇപ്പോഴും ടി വി ചാനല്‍ റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്നു.
1988ല്‍ റിലീസായ ‘എ ഫിഷ് കോള്‍ഡ് വാന്‍ഡ’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രിയദര്‍ശന്‍ കാക്കക്കുയില്‍ ഒരുക്കിയത്. അതിനൊപ്പം ‘ഖര്‍ ഖര്‍’ എന്ന മറാത്തി നാടകത്തിന്‍റെ പ്രമേയം കൂടി കാക്കക്കുയിലില്‍ നാടകീയത സൃഷ്‌ടിക്കാന്‍ പ്രിയന്‍ കൂട്ടിച്ചേര്‍ത്തു.
‘എ ഫിഷ് കോള്‍ഡ് വാന്‍ഡ’ റിലീസായ സമയത്ത് ഏവരെയും ഞെട്ടിച്ച ഒരു സംഭവമുണ്ടായി. ഡാനിഷ് ഓഡിയോളജിസ്റ്റായ ഓള്‍ ബെന്‍സെന്‍ ഈ ചിത്രം തിയേറ്ററില്‍ കണ്ടുകൊണ്ടിരിക്കെ ചിരിച്ചുചിരിച്ച് മരിച്ചു!
ചിരി അമിതമായതുമൂലമാണ് ബെന്‍സന് മരണം സംഭവിച്ചതെന്ന് മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ‘ഹാര്‍ട്ട് ഫിബ്രില്ലേഷന്‍’ ആണ് മരണകാരണമെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. അമിതമായി ചിരിക്കുന്നതുമൂലം ഹൃദയമിടിപ്പ് വലിയതോതില്‍ വര്‍ദ്ധിക്കുന്നത് ഹാര്‍ട്ട് ഫിബ്രില്ലേഷന് കാരണമാകുമെന്നായിരുന്നു വിലയിരുത്തല്‍.
എന്തായാലും ‘എ ഫിഷ് കോള്‍ഡ് വാന്‍ഡ’ മലയാളത്തില്‍ കാക്കക്കുയിലായി എത്തിയപ്പോള്‍ ആരും ചിരിച്ചുചിരിച്ച് മരിച്ചില്ല. പക്ഷേ, കണ്ടിരിക്കുന്ന മുഴുവന്‍ സമയവും ചിരിച്ചുല്ലസിക്കാവുന്ന ഒരു കോമഡി എന്‍റര്‍ടെയ്‌നര്‍ പ്രിയന്‍ ആ സിനിമയിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ചു.
അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ‘100 വര്‍ഷം, 100 ചിരി’ പട്ടിക പുറത്തിറക്കിയപ്പോള്‍ ഇരുപത്തൊന്നാം സ്ഥാനമാണ് ‘എ ഫിഷ് കോള്‍ഡ് വാന്‍ഡ’ നേടിയത്. മലയാളത്തിലെ 100 ഫണ്ണിയസ്റ്റ് സിനിമകളുടെ പട്ടിക രൂപീകരിച്ചാല്‍ അതില്‍ കാക്കക്കുയില്‍ ഇടംപിടിക്കുമോ? അത് വായനക്കാര്‍ക്ക് തീരുമാനിക്കാവുന്ന കാര്യമാണ്.