Reviews
തിയറ്ററുകളില്‍ കുടുംബസമേതം കാണാം ജാന്‍.എ.മന്.; റിവ്യു
കുടുംബ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ജാന്‍.എ.മന്. തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ് സിനിമ. മുഴുനീള കോമഡി ചിത്രമായ ജാന്‍.എ.മന്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. രണ്ട് മണിക്കൂര്‍ നേരം പൊട്ടിച്ചിരിക്കാനുള്ള എല്ലാ വകയും ഈ സിനിമയിലുണ്ട്. കുടുംബത്തോടൊപ്പം രസിച്ച് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാന്‍.എ.മന്. പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.
വിദേശത്തെ ഒറ്റപ്പെട്ട ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തുകൊണ്ട് നാട്ടിലേക്ക് വരുന്ന ജോയ് മോനിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നാട്ടിലെത്തിയ ശേഷമുള്ള ജോയ് മോന്റെ ജന്മദിനാഘോഷവും അതിനിടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജനനവും മരണവും മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളും സിനിമ പ്രതിപാദിക്കുന്നു. വൈകാരികമായ രംഗങ്ങള്‍ ഇടയ്ക്കെ ഉണ്ടാകുമെങ്കിലും പ്രേക്ഷകനെ ഇമോഷണല്‍ ലൂപ്പിലേക്ക് തള്ളി വിടാതെ വീണ്ടും കോമഡി ട്രാക്കിലേക്ക് കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
ചിദംബരമാണ് സിനിമയുടെ സംവിധായകന്. ബേസില്‍ ജോസഫ്, അഭിറാം പൊതുവാള്, അര്ജുന് അശോകന്, ഗണപതി, ലാല്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് ജാന്‍.എ.മന്നില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിന്റെ പ്രകടനമാണ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.